ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും, വിവരങ്ങള്‍ തേടാന്‍ എസ്‌ഐടി

Nov 23, 2025

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയാകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാര പാലക ശില്‍പങ്ങളുടെ പാളികള്‍ ഉള്‍പ്പെടെ വച്ച് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ ജയറമും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘം ജയറാമിന്റെ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറ്റകുറ്റപ്പണിക്ക് എന്ന പേരില്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി പലയിലടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ നടന്‍ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിവരങ്ങള്‍ക്കായി ജയറാമിനെ സമീപിക്കുന്നത്.

ശബരിമലയില്‍ വച്ചുള്ള പരിചയത്തിന്റെ പുറത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സംഘടിപ്പിച്ച പൂജയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇയാള്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

LATEST NEWS