ആറ്റിങ്ങൽ: നഗരസഭ ജനകീയാസൂത്രണം കാർഷിക വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ കുറ്റി കുരുമുളക് തൈകൾ, പച്ചക്കറി തൈകൾ എന്നിവ ജന പ്രതിനിധികൾക്ക് ചെയർപേഴ്സൺ കൈമാറി. ജനകീയാസൂത്രണം പദ്ധതി പ്രകാരം അപേക്ഷ നൽകിയിട്ടുള്ള കാർഷിക തൽപരാരായ ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ തൈകൾ വിതരണം ചെയ്തത്. അത്യുൽപ്പാദന ശേഷിയുളളതും വർഷം മുഴുവൻ വിളവ് നൽകുന്നതും ചെടിചട്ടികളിൽ നട്ട് വളർത്തി പരിപാലിക്കാൻ കഴിയുന്ന വിധത്തിലുമുള്ള തൈകളാണ് വിതരണത്തിന് തിരഞ്ഞെടുത്തത്. വീട്ടുവളപ്പിലെ കൃഷിയെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകരും അംഗങ്ങളല്ലാത്ത വനിതകളെയും ഈ പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി എസ്.വിശ്വനാഥൻ, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, കൃഷി ഓഫീസർ വി.എൽ.പ്രഭ തുടങ്ങിയവർ പങ്കെടുത്തു.