‘ജെപിഎസ്സി റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അസ്വസ്ഥ’, കേരള പൊലീസ് ഝാര്‍ഖണ്ഡിലേക്ക്

Feb 22, 2025

കൊച്ചി: സെന്‍ട്രല്‍ ജിഎസ്ടി അഡീ.കമ്മിഷണര്‍ ഝാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയുടെയും സഹോദരിയുടെയും അമ്മയുടെയും അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മനീഷ് വിജയിയുടെ സഹോദരി ശാലിനി വിജയ് (49) ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ സംസ്ഥാന സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്നു. ജെപിഎസ്സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കേരള പൊലീസ് അടുത്തദിവസങ്ങളില്‍ ഝാര്‍ഖണ്ഡിലെത്തും.

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലാണ് മൂവരെയും കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷിന്റെ ഇളയസഹോദരി പ്രിയ അജയ് അബുദാബിയില്‍ നിന്ന് എത്തിയശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രോഗപീഡകളുണ്ടായിരുന്ന മനീഷ് വിജയിയുടെ മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കള്‍ വിതറിയിട്ടുണ്ട്. ഇവര്‍ സ്ഥിരമായി പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു. പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായി ജോലി ചെയ്യുമ്പോള്‍ ബീച്ചിലുള്ള സ്റ്റാഫ് വില്ലയിലാണു താമസിച്ചിരുന്നത്. ഒന്നര മാസം മുന്‍പു കൊച്ചിയില്‍ മനീഷിനു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചപ്പോള്‍ കോഴിക്കോട്ടെ വില്ല ഒഴിയേണ്ടിവന്നപ്പോഴാണ് ശാലിനിയും ശകുന്തളയും മനീഷും 114-ാം നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ഇവര്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. മനീഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചിരുന്നു.

ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 15നു ഝാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20-ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ വിളിച്ചിട്ടും മനീഷിനെ ഫോണില്‍ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അടുക്കളയില്‍ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്താണെന്നു വ്യക്തമല്ല.

രാഷ്ട്രീയ നേതാക്കളും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കള്‍ക്കു നിയമനം നല്‍കാന്‍ ജെപിഎസ്സി പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ഝാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ ജെപിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2 വര്‍ഷം മുന്‍പ് അവധിയില്‍ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണു ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണു അസ്വാഭാവിക മരണം.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...