കണ്ണൂര്‍: ആരെ കണ്ടാലും സൗമ്യമായി ചിരിച്ചു സൗഹൃദം പങ്കിടുന്ന, നര്‍മ്മത്തോടെ സംസാരിക്കുന്ന രാമന്തളിയിലെ കലാധരന്‍ എന്ന യുവാവിന്റെയും കുടുംബത്തിന്റെയും കൂട്ടമരണത്തില്‍ നടുങ്ങി പയ്യന്നൂര്‍. പ്രദേശത്ത് അത്ര സുപരിചിതനായിരുന്നു കലാധരന്‍. മിക്കവാറും കല്യാണങ്ങളിലും പൊതു പരിപാടികളിലും കലാധരനും സംഘവും ഒരുക്കുന്ന പയ്യന്നൂര്‍ ടച്ചുള്ള വിഭവ സമൃദ്ധമായ സദ്യയുണ്ടാകും. നാടിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന രാമന്തളിയിലെ പാചക തൊഴിലാളിയായ കലാധരന്റെയും അമ്മ ഉഷയുടെയും രണ്ട് പിഞ്ചുമക്കളുടെയും കൂട്ട മരണം രാമന്തളി ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാഴ്ത്തി.
സ്വന്തം നാടായ രാമന്തളി ഉള്‍പ്പെടെ പയ്യന്നൂരിലെമ്പാടും വലിയ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് കലാധരന്‍. വളരെ സൗമ്യനും ശാന്ത സ്വഭാവക്കാരനുമായിരുന്നു. നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ഇദ്ദേഹത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും അലട്ടിയിരുന്നില്ല. എന്നാല്‍ ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും കുടുംബ കലഹവും മന:സമാധാനം തകര്‍ത്തിരുന്നു. കലാധരനും ഭാര്യ നയന്‍താരയുമായി കഴിഞ്ഞ കുറെ മാസങ്ങളായി വേര്‍പിരിഞ്ഞു ജീവിച്ചു വരികയാണ്.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടന്നുവരികയാണ്. രണ്ടുകുട്ടികള്‍ അവധി ദിനങ്ങളില്‍ പിതാവിന്റെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യ നിരന്തരം മക്കളെ വിട്ടു കിട്ടുന്നതിനായി കലാധരനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തില്‍ കുട്ടികളെ അമ്മയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ ഉടന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കലാധരന്റെ ഭാര്യ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കേണ്ടതിന്റെ മാനസിക വിഷമമാകാം കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
രാമന്തളി സെന്‍ട്രല്‍ വടക്കുമ്പാട് റോഡിന് സമീപത്തെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒന്‍പതര മണിയോടെ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാചക തൊഴിലാളിയായ കോയിത്തട്ട താഴത്തെ വീട്ടില്‍ കലാധരന്‍(36) അമ്മ ഉഷ (56) മക്കളായ ഹിമ (6) കണ്ണന്‍ (രണ്ട്) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലും വീടിന് മുന്‍പില്‍ കത്ത് എഴുതി വെച്ചതായും കണ്ടു. തുടര്‍ന്ന് കത്തുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പൊലീസെത്തി വീടു തുറന്ന് നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും, രണ്ട് മക്കള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് വീണു മരിച്ച നിലയിലുമായിരുന്നു. മക്കള്‍ക്ക് വിഷം കൊടുത്തതിനു ശേഷം കലാധരനും അമ്മയും തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. കുട്ടികളുടെ കളി ചിരികള്‍ കണ്‍മുന്‍പില്‍ നിന്നും മായുന്നില്ലെന്ന് സമീപവാസികളും ബന്ധുക്കളുമായ സ്ത്രീകള്‍ പറയുന്നു.



















