തൊടുപുഴ: ഇടുക്കിയിലെ ഓരോ ഗ്രാമവും മനോഹരമായ കാഴ്ചകളാണ് ഒളിച്ചുവെച്ചിട്ടുള്ളത്. അതിവിശാലമായ ജലപരപ്പും മുളംകാടുകളും പച്ച തുരുത്തുകളും മനോഹാരിത പകരുന്ന കള്ളിമാലി ആരുടേയും മനംകവരുന്നതാണ്. രാജാക്കാടിന് സമീപം, പൊന്‍മുടി ജലാശയത്തിന്റെ കാഴ്ചകള്‍ സമ്മാനിയ്ക്കുന്ന കള്ളിമാലിയുടെ ഗ്രാമീണ ഭംഗി അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
മലനിരകളാല്‍ ചുറ്റപ്പെട്ട പൊന്‍മുടി ജലാശയം… പച്ച തുരുത്തുകള്‍… ജലപരപ്പിലൂടെ വള്ളം തുഴഞ്ഞ് മത്സ്യ ബന്ധനം നടത്തുന്ന ഗ്രാമീണര്‍… അസ്തമയ സൂര്യന്റെ അഭൗമ ഭംഗി ഇങ്ങനെ ഒട്ടനവധി കാഴ്ചകളുണ്ട് കള്ളിമാലിയില്‍. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താവുന്ന പ്രദേശമായിട്ടും അധികം സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തി തുടങ്ങിയിട്ടില്ല. മൂന്നാറില്‍ നിന്നും ആനച്ചാല്‍ വഴി 28 കിലോമീറ്ററാണ് കള്ളിമാലിയിലേയ്ക്കുള്ള ദൂരം.
എന്നാല്‍ സഞ്ചാരികള്‍ക്ക് കുറെക്കൂടി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് പ്രദേശവാസികളും പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നതിനുള്ള പദ്ധതികള്‍ ഒരുക്കുകയും ചെയ്താല്‍, ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം മേഖലകളില്‍ ഒന്നായി കള്ളിമാലി മാറും. ഇവിടെയെത്തിയാല്‍ മനോഹര കാഴ്ചകള്‍ക്കൊപ്പം, ഇടുക്കിയുടെ തനത് കാര്‍ഷിക പെരുമയും ആസ്വദിക്കാം