കലോത്സവത്തില്‍ എ ഗ്രേഡ് നേടി മടക്കം; ട്രെയിന്‍ യാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

Jan 8, 2024

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേട്ടം സ്വന്തമാക്കിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ പത്താംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാലിന് പരിക്ക്. വട്ടപ്പാട്ട് മത്സരത്തില്‍ ടീം എ ഗ്രേഡ് നേടിയ സന്തോഷത്തില്‍ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസല്‍ സീറ്റ് കിട്ടാത്തതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം വാതിലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റിലെ നിന്നുതിരിയാനിടമില്ലാത്ത തിരക്ക് കണ്ടപ്പോള്‍ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപകടത്തില്‍ മുഹമ്മദ് ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്.

ശനിയാഴ്ച രാത്രി വൈകി അവസാനിച്ച മത്സരത്തിനു ശേഷം ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും നാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30നു ട്രെയിന്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സീറ്റ് കിട്ടാത്തതിനാല്‍ ഫൈസലും കൂട്ടുകാരും വാതിലിനടുത്തായിരുന്നു. കാല്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതാകാമെന്ന് അധ്യാപകന്‍ വിപി അബൂബക്കര്‍ പറഞ്ഞു.

കായംകുളം ജനറല്‍ ആശുപത്രിയിലെ പ്രഥമചികിത്സയ്ക്കുശേഷം ഫൈസലിനെ ആലുവ രാജഗിരി ആശുപത്രിയിലും തുടര്‍ന്നു കൊച്ചി സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലുമെത്തിച്ചു. ഇടതുകാലിലെ ചതഞ്ഞരഞ്ഞ പെരുവിരല്‍ ശസ്ത്രക്രിയയില്‍ മുറിച്ചുമാറ്റി. വലതുകാലിന്റെ 3 ചെറുവിരലുകള്‍ക്കും പരിക്കുണ്ട്. പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. വട്ടപ്പാട്ട് മത്സരത്തില്‍ ‘മണവാളന്‍’ റോളാണ് മുഹമ്മദ് ഫൈസല്‍ കൈകാര്യം ചെയ്തത്.

LATEST NEWS
കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ്; പ്രതി ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്‌ജിൽ നിന്നും പിടികൂടി

കാസർഗോഡ് ഹണി ട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പിടിയിൽ. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ...