സംസ്ഥാന സ്കൂൾ കലോത്സവം; 425 പോയിന്റുമായി കണ്ണൂർ മുമ്പിൽ

Jan 6, 2024

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നിൽ കൊല്ലവുമുണ്ട്.

ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വർണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതിൽ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല.

നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ നിറഞ്ഞിരുന്നു. അതേസമയം, കലോത്സവങ്ങളിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങൾ വൈകാൻ കാരണം എന്നാണ് സംഘാടക സമിതി പറയുന്നത്. പലയിനങ്ങൾക്കും എത്ര അപ്പീലുകൾ വന്നിട്ടുണ്ടെന്ന് പോലും സംഘാടകർക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് നിയമനിർമാണം സർക്കാർ ആലോചിക്കുന്നത്.

LATEST NEWS