സ്വർണക്കൊള്ള: ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

Jan 9, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു.

ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.

എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്‌ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.

LATEST NEWS