കുമളി: ചരിത്ര പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം മെയ് 12 ന്. കേരളവും തമിഴ്‌നാടും തമ്മില്‍ ഉടമസ്ഥാവകാശത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചിത്രാപൗര്‍ണമി ദിവസം മാത്രമാണ് വനത്തിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഭക്തരെ കടത്തി വിടുക. ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഇടുക്കി, തേനി കലക്ടര്‍മാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തില്‍ രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കി ക്ഷേത്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി.
കുമളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് മംഗളദേവി ക്ഷേത്രം. ഉടമസ്ഥാവകാശ തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ – വനം- പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കര്‍ശന സുരക്ഷയിലാണ് ഉത്സവം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ ഭക്തര്‍ക്കായി കുമളിയില്‍ നിന്നും ജീപ്പുകള്‍ സര്‍വീസ് നടത്തും. ആര്‍ ടി ഒ നിഷ്‌കര്‍ഷിക്കുന്ന തുക മാത്രമേ ഈടാക്കാവുവെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങള്‍ അനുവദിക്കില്ല. കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവര്‍ത്തിക്കും. മലമുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും 10 ആംബുലന്‍സുകളും ക്രമീകരിക്കും. വഴിയില്‍ 13 പോയിന്റുകളില്‍ കുടിവെള്ളം ഒരുക്കും. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നും ഭക്തരുടെ ആവശ്യം സംബന്ധിച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.