ദേശീയ സ്കൂൾ കരാട്ടെയിൽ സഹോദരിമാർക്ക് മെഡൽ

Jan 13, 2024

ആറ്റിങ്ങൽ: പോങ്ങനാട് അനീഷ് മൻസിലിൽ അനീഷ് – ജസ്ന ദമ്പതികളുടെ മക്കളായ ഫിദയും ഫെമിദയും ആണ് പഞ്ചാബിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മെഡലുകൾ നേടി ശ്രദ്ധേയരാകുന്നത്. പത്തൊമ്പത് വയസിന് താഴെ ഉള്ള സീനിയർ പെൺകുട്ടികളുടെ 32 കിലോഗ്രാം കുമിത്തെയിൽ ഫെമിദ വെള്ളി മെഡൽ നേടിക്കൊണ്ടാണ് കേരളത്തിൻ്റെ മെഡൽ പട്ടിക തുറന്നത്. ദേശീയ സ്കൂൾ കരാട്ടെയിലെ

കേരളത്തിൻ്റെ ആദ്യ വെള്ളിമെഡലാണ് ഫെമിദ നേടിയത് എന്ന പ്രത്യേകതയും ഉണ്ട്. അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ഫെമിദ.
പത്തൊമ്പത് വയസിന് താഴെ ഉള്ള സീനിയർ പെൺകുട്ടികളുടെ 44 കിലോഗ്രാം കുമിത്തെയിൽ ആണ് ഫിദയുടെ വെങ്കല മെഡൽ നേട്ടം. 2018 ഇൽ കേരളം ആദ്യമായി സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീമിനെ അയച്ച് തുടങ്ങിയപ്പോൾ തന്നെ കേരളത്തിന് വേണ്ടി ആദ്യ മെഡൽ നേടിയതും ഫിദ ആയിരുന്നു.

അന്ന് പതിനൊന്ന് വയസ് മാത്രം പ്രായം ഉണ്ടായിരുന്ന ഫിദ പത്തൊമ്പത് വയസിന് താഴെ ഉള്ളവരുടെ സീനിയർ വിഭാഗത്തിൽ തന്നെയാണ് അന്നും മെഡൽ നേടിയിരുന്നത്. ആറ്റിങ്ങൽ ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ +1 വി എച്ച് എസ് സി വിദ്യാർത്ഥിനിയാണ് ഫിദ.
ജനുവരി 5 മുതൽ 13 വരെ പഞ്ചാബിലെ ലുധിയാനയിലായിരുന്നു ഈ വർഷത്തെ ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് എങ്കിലും മത്സരങ്ങൾ എഴാം തീയതി തുടങ്ങി പത്താം തീയതി ആയപ്പോഴേക്കും ആകെ ഉള്ള 24 ഇനങ്ങളും പൂർത്തിയായി. കേരളം ആകെ നാല് മെഡലുകൾ ആണ് നേടിയത്. അതിൽ രണ്ട് മെഡലുകൾ ആണ് ഒരു വീട്ടിൽ നിന്നുള്ള ഫിദയും ഫെമിദയും നേടി ശ്രദ്ധയാകർഷിച്ചത്.

2017 ഇൽ കീഴാറ്റിങ്ങൽ ബി വി യു പി എസ്സിൽ ആറ്റിങ്ങൽ കരാട്ടെ ടീം ആരംഭിച്ച സൗജന്യ കരാട്ടെ ക്ളാസിലൂടെയാണ് ഫിദയും ഫെമിദയും കരാട്ടെ രംഗത്തേക്ക് കടന്ന് വരുന്നത്. തുടക്കത്തിൽ തന്നെ ഇവർക്ക് കരാട്ടെ രംഗത്ത് മുന്നേറാൻ കഴിയും എന്ന് മനസിലാക്കിയ പരിശീലകൻ അത് രക്ഷകർത്താക്കളോട് പറയുകയും അവർ ഫിദയെ ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീല കേന്ദ്രമായ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലേക്ക് പരിശീലനത്തിന് കൊണ്ടുവരുകയും വളരെ പെട്ടന്ന് തന്നെ ഫിദ മത്സര രംഗത്ത് ശ്രദ്ധ നേടുകയും 2018 ഇൽ സംസ്ഥാന ചാമ്പ്യനായി ഡൽഹിയിൽ നടന്ന ദേശീയ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കോർട്ടർ ഫൈനൽ വരെ എത്തുകയും ചെയ്തു.

തുടർന്ന് സ്കൂൾ ഗെയിംസിൽ കരാട്ടെയിൽ സംസ്ഥാന ചാമ്പ്യനായി. അന്ന് പഞ്ചാബിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുകയും ചെയ്തിരുന്നു. 2019 ഇലും മദ്ധ്യപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തെങ്കിലും മെഡൽ നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ചേച്ചിയെ കണ്ട് അനുജത്തി ഫെമിദയും കരാട്ടെ പരിശീലവും മത്സരവും ഒക്കെ ഗൗരവത്തിൽ എടുക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് കാരണം രണ്ട് വർഷം മത്സരങ്ങൾക്കൊക്കെ തടസ്സം വന്നു. കഴിഞ്ഞ വർഷവും സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഫിദ സംസ്ഥാന ചാമ്പ്യൻ ആയിരുന്നെങ്കിലും ദേശീയ മത്സരം നടക്കാതിരുന്നതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷമാണ് ഫെമിദ ആദ്യമായി സ്കൂൾ ഗെയിംസ് കരാട്ടെയിൽ മാറ്റുരച്ച് തുടങ്ങിയത്. പക്ഷേ കഴിഞ്ഞ വർഷം ആറ്റിങ്ങൽ സബ് ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നതിനാൽ മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അസോസിയേഷൻ ചാമ്പ്യൻഷിപ്പിലൊക്കെ മെഡൽ മുന്നേറി സംസ്ഥാന തലത്തിൽ രണ്ട് ഇനങ്ങളിൽ വെള്ളി മെഡൽ ഒക്കെ നേടിയിരുന്നു. ഈ വർഷം നന്നായി തയ്യാറായി ഇറങ്ങിയ ഫെമിദ സ്കൂൾ ചാമ്പ്യൻഷിപ്പിൽ മാത്രമല്ല അസോസിയേഷൻ ചാമ്പ്യൻഷിപ്പിലും സംസ്ഥാന തല സ്വർണ്ണം നേടിയിരുന്നു.

ആറ്റിങ്ങൽ കരാട്ടെ ടീം മണമ്പൂർ ബ്രാഞ്ചായ നവകേരളം കരാട്ടെ ക്ളബ്ബിലെ അംഗങ്ങളായ ഈ സഹോദരിമാർ ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലന കേന്ദ്രമായ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലും കൂടാതെ കിളിമാനൂർ ബ്രാഞ്ചായ കിളിമാനൂർ കരാട്ടെ ക്ലബ്ബിലും സ്ഥിരമായി പരിശീലനത്തിന് എത്തുന്നവരാണ്. ഈ കുട്ടികൾ കരാട്ടെ പരിശീലനത്തിന് പുലർത്തുന്ന താൽപ്പര്യവും രക്ഷിതാക്കൾ അധ്യാപക വൃത്തി കാരണമുള്ള തിരക്കുകൾക്കിടയിലും എല്ലാ പരിശീലന സെഷനുകൾക്കും മുടങ്ങാതെ ഇവരെ പങ്കെടുപ്പിക്കുന്നതിലൂടെ നൽകുന്ന പിന്തുണയും കരാട്ടെ കായിക താരങ്ങൾക്ക് വളരുന്നതിന് ആറ്റിങ്ങൽ കരാട്ടെ ടീം ഒരുക്കുന്ന പരിശീലന സൗകര്യങ്ങളും ആണ് ഈ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിന് പിൻബലമാകുന്നത്.

LATEST NEWS