ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് നാളെ തിരി തെളിയും. അമ്യൂസ്മെന്റ് പാർക്ക് ഇത്തവണ ആവേശം നിറയ്ക്കും. ഹൈദരാബാദിൽ നിന്നാണ് പാർക്കിനുളള സജ്ജീകരണങ്ങൾ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമാണ് പാർക്കിനുണ്ടാവുക.
ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്. തിരക്ക് നിയന്ത്രിക്കാനും സന്ദർശകർക്ക് ഓരോ പ്രദർശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങൾ മുഴുവൻ. പ്രവേശന കവാടം മുതൽ പ്രകാശത്തിന്റെ വർണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദർശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകൾ മുഴുവൻ കാണാൻ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.
13,000 ചതുരശ്ര അടിയിൽ പൂക്കളുടെ വർണ്ണവസന്തം തീർത്തുകൊണ്ടുള്ള ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.
കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ എന്നിവയും ഫെസ്റ്റിലുണ്ടാകും. പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ വേറിട്ട രുചിക്കൂട്ടുകളും ഫെസ്റ്റിനെ ആസ്വാദ്യകരമാക്കും.
















