കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി.ഫിലിപ്പ്) കോട്ടയത്ത് അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 3 ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്നുമണിക്ക് വടവാതൂരില്‍ നടക്കും.ലോലന്റെ ബെല്‍ബോട്ടം പാന്റും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും അന്ന് കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. അക്കാലത്താണ് കോളജുകളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണത്.
ലോലന്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കൊച്ചിയിലെ നെവര്‍ എന്‍ഡിംഗ് സര്‍ക്കിള്‍ എന്ന അനിമേഷന്‍ സ്ഥാപനം അനിമേറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് അതിന്റെ സ്രഷ്ടാവായ ചെല്ലന്റെ മരണം. 1948-ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായി ജനിച്ച ചെല്ലന്‍ 2002-ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായാണ് വിരമിച്ചത്.
കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്. കോട്ടയത്ത് വിശ്രമജീവിതത്തിലായിരുന്നു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്.
![]()
![]()

















