കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിയ്ക്കെതിരെ വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.
ബിനാമി ലോണിലൂടെ പി.പി കിരൺ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി രൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകൾ നടത്തിയത്. സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപിയ്ക്ക് പണം കൈമാറിയതിന്‍റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.
സതീഷ് കുമാറിന് മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ സാക്ഷികൾക്ക് ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. 400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.


















