അധ്യാപക സിവിൽ സർവ്വീസ് മേഖലകൾക്ക് ഭീഷണിയാകുന്ന തരത്തിലാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നിലവിൽ വന്നതെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. പരിശീലനം പൂർത്തിയാക്കിയ കെ എ എസു കാരുടെ നിയമന ഉത്തരവ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പേർ നിയമിക്കപ്പെട്ടത് പൊതുവിദ്യാഭ്യാസ വകുപ്പിലാണെന്ന് കാണാം. എച്ച് എം / എ ഇ ഒ തസ്തികയിലേക്കാണ് ഹൈസ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കുക. എച്ച് എം / എ ഇ ഒ തസ്തികയിലുള്ളവർക്ക് ഡി ഇ ഒ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ എ എസ് നിയമന ഉത്തരവിൽ 11 പേരെ ഡി ഇ ഒ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. ഇത്രയും അധ്യാപകർക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റമാണ് ഇതിലൂടെ ഇല്ലാതായത്. തുടർന്നുള്ള കെ എ എസ് നിയമനത്തിലും ഇത് ആവർത്തിക്കപ്പെടും.
ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ ആദ്യഭാഗം നടപ്പിലാക്കിയപ്പോൾ തന്നെ ഹൈസ്കൂൾ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായിരുന്നു. കെ എ എസ് നിയമനം കൂടിയായപ്പോൾ സർവ്വീസിൽ കയറുന്ന അധ്യാപകൻ സ്ഥാനക്കയറ്റം ലഭിക്കാതെ പിരിയേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. മുൻപ് പി എസ് സി മുഖേന നേരിട്ട് ഡി ഇ ഒ നിയമനം നടത്തിയപ്പോഴും സമാന സാഹചര്യമുണ്ടായിരുന്നു.
അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്ന സർക്കാർ നിലപാട് പുന:പരിശോധിക്കണമെന്ന് കെ പി എസ് ടി എ കിളിമാനൂർ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ സി അജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവഹക സമിതി അംഗം എ ആർ ഷമീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സബീർ, ജില്ലാ ഭാരവാഹികളായ ആർ ബിജു, അനൂപ് എം ജെ, വിജയകുമാരി, മുഹമ്മദ് അൻസർ, അജീഷ് എസ് എസ്, സൂര്യകാന്തി പി.എന്നിവർ പങ്കെടുത്തു.

















