തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) മികച്ച ബാറ്റിങുമായി നിലവിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്സിന്റെ യുവ താരം വത്സൽ ഗോവിന്ദ്. ട്രിവാൻഡ്രം റോയൽസിനെതിരെ അർധ സെഞ്ച്വറി നേടി താരം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. മത്സരത്തിൽ കൊല്ലം തോറ്റെങ്കിലും വത്സലിന്റെ ബാറ്റിങ് ശ്രദ്ധേയമായി. ചാലക്കുടി സ്വദേശികളായ ഗോവിന്ദ് കനകന്റെയും റുമ ഗോവിന്ദിന്റെയും മകനാണ് വത്സൽ. ഒരു മത്സരത്തിന്റെ ഗതി ഒറ്റയ്ക്കു തന്നെ മാറ്റി മറിക്കാൻ പോന്നതാണ് താരത്തിന്റെ ബാറ്റിങ്.
ലീഗിലെ ആദ്യ മത്സരത്തിൽ 31 പന്തിൽ 41 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായ വത്സൽ, രണ്ടാം മത്സരത്തിലും തന്റെ ഫോം തുടർന്നു. 47 പന്തിൽ 63 റൺസ് നേടി ടീമിന് നിർണായകമായ സംഭാവന നൽകാൻ താരത്തിനായി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും നിലയുറപ്പിച്ച് സ്ഥിരത കണ്ടെത്താൻ വത്സൽ ഗോവിന്ദിനു കഴിയുന്നു. താരത്തിന്റെ കത്തും ഫോമിൽ ടീമും ഹാപ്പി.
അണ്ടർ-16 തലത്തിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള വത്സൽ ഗോവിന്ദ്, 2018-19 സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ആ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വത്സൽ ഗോവിന്ദ്, 1235 റൺസാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനം അദ്ദേഹത്തിന് ഇന്ത്യ അണ്ടർ-19 ടീമിലേക്കുള്ള വഴിയും തുറന്നു.
കേരള ക്രിക്കറ്റിലെ വളർന്നുവരുന്ന യുവപ്രതിഭകളിൽ ഒരാളാണ് വത്സൽ. താരത്തിന്റെ പ്രകടനം ടീമിന്റെ കൂടി ആവേശമായി മാറുകയാണ്.