തിരുവനന്തപുരം: ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആദ്യ ബജറ്റ് വരുന്നത്. അതുകൊണ്ടുതന്നെ, നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര വിഹിതങ്ങൾ കൃത്യമായി വാങ്ങിയെടുക്കാനുള്ള തന്ത്രപരമായ പ്രഖ്യാപനങ്ങളും നാളത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ പ്രധാന വരുമാനസ്രോതസ്സുകളായ സ്വന്തം നികുതി, നികുതിയേതര വരുമാനം, കേന്ദ്ര വിഹിതം എന്നിവയിൽ കൃത്യമായ പുനഃക്രമീകരണം ബജറ്റിലുണ്ടാകും. ജിഎസ്ടി വിഹിതം കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നികുതി കണ്ടെത്താൻ ചുരുങ്ങിയ മേഖലകൾ മാത്രമാണുള്ളത്. ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ നിലവിൽ തന്നെ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായതിനാൽ ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങളായിരിക്കും നാളെയുണ്ടാവുക. എന്നാൽ, ഖജനാവിന്റെ അവസ്ഥ കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടാകാനും സാധ്യതയില്ല.
വൻകിട-ചെറുകിട മേഖലകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ ശക്തമായ നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി ഉയർത്താം. കൂടാതെ, ധനകാര്യ കമ്മീഷൻ വിഹിതം, കേന്ദ്ര ഗ്രാൻഡുകൾ, വ്യക്തിഗത ആദായനികുതി, ഇറക്കുമതി ചുങ്കം എന്നിവയിൽ കേരളത്തിനുള്ള കൃത്യമായ വിഹിതം നേടിയെടുക്കാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള രാഷ്ട്രീയ നയപ്രഖ്യാപനവും ബജറ്റിലുണ്ടാകാനാണ് സാധ്യത.
ഉടച്ചു വാർക്കുമോ കിഫ്ബി?
വി.ൃഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമ്പത്തിക ലോകം ഏറ്റവും വലിയ മാറ്റം പ്രതീക്ഷിക്കുന്നത് കിഫ്ബിയുടെ ഘടനയിലാണ്. സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധികാര പദവികളിൽ പ്രവർത്തിച്ചിരുന്ന കിഫ്ബിയെ കെട്ടിലും മട്ടിലും പൂർണ്ണമായി ഉടച്ചുവാർക്കുമെന്നാണ് സൂചനകൾ. കിഫ്ബിയെ ഒരു ധനസമാഹരണ മോഡലാക്കി മാറ്റുന്നതിനൊപ്പം അതിന്റെ പൂർണ്ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന.
അധികാരത്തിലെത്തിയ ഉടൻ സംസ്ഥാന ധനസ്ഥിതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളിൽ ഊന്നിയായിരിക്കും ഈ പുനഃസംഘടന. കിഫ്ബിയുടെ പ്രൊജക്ട് മാനേജ്മെന്റ് സംവിധാനവും ഗുണനിലവാര നിയന്ത്രണവും മികച്ചതാണെന്ന് വിദഗ്ദ്ധ സമിതി വിലയിരുത്തിയിട്ടുണ്ട്. ഈ നല്ല വശങ്ങൾ സ്വീകരിച്ച് മറ്റ് സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ നിർദ്ദേശമുണ്ട്. എന്നാൽ അതിനപ്പുറം, കിഫ്ബിയുടെ സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന് പൂർണ്ണ നിയന്ത്രണം കൊണ്ടുവന്നേക്കാനുള്ള സാധ്യതയിലേക്കാണ് ധനകാര്യ വിദഗ്‌ധർ വിരൽചൂണ്ടുന്നത്. കിഫ്ബിയുടെ വരവുചെലവുകൾ സംസ്ഥാന ബജറ്റിൽ തന്നെ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമത്തിൽ വലിയ ഭേദഗതികൾ വരുത്താനുള്ള സാധ്യതയും എഴുതിതള്ളാനാകില്ലെന്നാണ് വിലയിരുത്തൽ.
ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മ – എങ്ങിനെ മണിക്കെട്ടും?
സർക്കാർ പൊതുവിപണിയിൽ നിന്ന് കടമെടുക്കുന്നതിനേക്കാൾ ഒന്ന് മുതൽ ഒന്നര ശതമാനം വരെ ഉയർന്ന പലിശയ്ക്കാണ് കിഫ്ബി വിപണിയിൽ നിന്നും പണം കടമെടുത്തിരുന്നതെന്നും ഇത് ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്നും വിദഗ്ദ്ധ സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ. മോട്ടോർ വാഹന നികുതിയിനത്തിൽ പിരിച്ചെടുക്കുന്ന 3300 കോടി രൂപ ഉൾപ്പെടെ കിഫ്ബിക്ക് പ്രതിവർഷം നേരിട്ട് കൈമാറിയിരുന്ന 4000 കോടി രൂപ ഇനി മുതൽ നേരിട്ട് പൊതുഖജനാവിലെത്തിക്കാൻ നടപടിയുണ്ടായേക്കും. ഒപ്പം, നിലവിൽ കരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ വികസന പദ്ധതികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുന്ന വിധത്തിലുള്ള നിയമഭേദഗതിക്കും സാധ്യതയുണ്ട്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ തസ്തികകൾ മുതൽ ദിവസവേതനക്കാരും ഇന്റേൺഷിപ്പുകാരും ഉൾപ്പെടെ ആകെ 512 പേരാണ് നിലവിൽ കിഫ്ബിക്ക് വേണ്ടി ജോലി ചെയ്യുന്നത്. ഇവരുടെ പുനർനിയമന കാര്യങ്ങളിൽ വരെ പുതിയ നയപരമായ സമീപനം നാളത്തെ ബജറ്റിൽ വി.ഡി സതീശൻ പ്രഖ്യാപിച്ചേക്കും. തകർന്നടിഞ്ഞ ഖജനാവിനെ സുരക്ഷിതമാക്കാൻ സർക്കാർ കൊണ്ടുവരാനിടയുള്ള കടുത്ത സാമ്പത്തിക പരിഷ്കരണങ്ങളെ അതീവ ഉത്കണ്ഠയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.



















