തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം.
നൂറിൽപരം വിദേശമദ്യ ചില്ലറ വിൽപന ശാലകൾ പുതുതായി ആരംഭിക്കാനും നിർദേശമുണ്ട്. ജനവാസ മേഖലയിൽനിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ ആരംഭിക്കാനാണ് തീരുമാനം.
ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പബ്ബുകൾ ആരംഭിക്കാൻ അംഗീകാരം നൽകുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സർക്കാരിനോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്. ഫൈവ് സ്റ്റാർ നിലവാരത്തിലായിരിക്കും പബ്ബുകൾ വരിക എന്നാണ് റിപ്പോർട്ട്.


















