സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു.
ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ ശ്രമങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ വിശദീകരിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
നിലവില്‍ സംസ്ഥാനത്തെ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ അറിയിച്ചു. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.