വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട്

Nov 15, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത.

അതേസമയം, ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ‍ർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചു. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സ‍ർവകലാശാലയും ഇന്നത്തെ (15/11/2021) പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്

LATEST NEWS