തൃശൂര്‍: കാർഷിക സർവകലാശാലയിലെ ഫീസ് കുറച്ചു. ഫീസ് വർധനവിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ തീരുമാനം പ്രകാരം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലുടനീളം ഫീസ് കാര്യമായ തോതില്‍ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഡിഗ്രി കോഴ്സിന് ഓരോ സെമസ്റ്ററിനും 24,000 രൂപയായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഇത് 48,000 രൂപയാക്കി വർധിപ്പിച്ചിരുന്നതാണ്. ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ സെമസ്റ്റർ ഫീസ് 29,000 രൂപയായി നിശ്ചയിച്ചു. മുമ്പ് ഇത് 49,500 രൂപയാക്കിയിരുന്നതാണ്. പിഎച്ച്‌ഡി കോഴ്സുകള്‍ക്ക് 30,000 രൂപയായിരിക്കും പുതുക്കിയ സെമസ്റ്റർ ഫീസ്. നേരത്തെ 49,900 രൂപയായിരുന്നു.മുമ്പ് ബിരുദത്തിന് 16,265 രൂപ, പിജിക്ക് 23,655 രൂപ, പിഎച്ച്‌ഡിക്ക് 25,875 രൂപ എന്നിങ്ങനെയായിരുന്നു സെമസ്റ്റർ ഫീസ്. ഈ ഫീസ് പെട്ടെന്നു വർധിപ്പിക്കുകയായിരുന്നു. ബിരുദ കോഴ്സുകളുടെ വർധനയില്‍ 50 ശതമാനവും പിജി കോഴ്സുകളുടെ വർധനയില്‍ 40 ശതമാനവും കുറയ്ക്കാനാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.
![]()
![]()

















