‘കണ്ണേ കരളേ വിഎസ്സേ…’ മായാതെ മറയാതെ ആ വിപ്ലവ സൂര്യന്‍; ഓര്‍മകള്‍ക്ക് ഒരാണ്ട്

Jul 21, 2026

seena

കൊച്ചി: കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റേയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടേയും ചരിത്രത്തില്‍ തന്റേതായ മുദ്ര പതിപ്പിച്ച വി എസ് അച്യുതാനന്ദന്‍ വിട പറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. ആയിരക്കണക്കിന് സമരപോരാളികളെ വാര്‍ത്തെടുത്ത രാഷ്ട്രീയ ഇച്ഛാശക്തിയുടെ പേരായിരുന്നു വി എസ് എന്ന രണ്ടക്ഷരം. വി എസ് മലയാളിയുടെ മനസില്‍ നേടിയ സ്ഥാനം സമാനതകളില്ലാത്തതാണ്. നൈരന്തര്യപോരാട്ടത്തിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. മലയാളിയുടെ മനസില്‍ നിന്നും ആ വിപ്ലവ സൂര്യന്‍ എന്നും അതേ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു.

വി എസിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചത് സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനമായിരുന്നു. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന്‍ നിന്നു. 1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് മുപ്പത്തിരണ്ടു പേര്‍ ഇറങ്ങിപ്പോയപ്പോള്‍ അതിലൊരാളായി. 1980 മുതല്‍ 1992 വരെ 12 വര്‍ഷം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2009 വരെ 24 വര്‍ഷക്കാലം പൊളിറ്റ് ബ്യൂറോ അംഗം. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി ആ രാഷ്ട്രീയ ജീവിതത്തില്‍. പാമോലിന്‍, ലാവ്‌ലിന്‍, ഐസ്‌ക്രീം പാര്‍ലര്‍, ഇടമലയാര്‍ എന്നീ വിവാദ കേസുകളില്‍ ഒറ്റയ്ക്ക് പോരാടി. എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു. മതികെട്ടാന്‍മല നടന്നുകയറി. എണ്‍പത്തിരണ്ടാം വയസില്‍ കേരളമുഖ്യമന്ത്രി. അധികാരത്തിലിരിക്കുമ്പോഴും സമരമായിരുന്നു ആ ജീവിതം. അങ്ങനെ, സമരമെന്നാല്‍, കേരളത്തിന് വിഎസായി.

പത്മവിഭൂഷണ്‍ പുരസ്‌കാരം മരണാനന്തരം ലഭിച്ചെങ്കിലും പാര്‍ട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബര്‍ 20നു ജനിച്ച വിഎസ്, 101ാം വയസ്സില്‍ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍ നിര്‍മിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ശില്‍പി ഉണ്ണി കാനായി നിര്‍മിച്ച, വിഎസിന്റെ അര്‍ധകായ പ്രതിമ ഇന്ന് പറവൂര്‍ വേലിക്കകത്തെ വീട്ടുവളപ്പില്‍ സ്ഥാപിക്കും. സംസ്ഥാനമെങ്ങും ചരമവാര്‍ഷികാചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

തൊഴിലാളി വര്‍ഗമുന്നേറ്റങ്ങള്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഈടുറ്റ സംഭാവനയായിരുന്നു വി എസ്. ജനകീയ പോരാട്ടങ്ങളുടെ സമരനായകാനായിരുന്ന വി എസ് ജനപ്രതിനിധിയായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും അവസാനം അവസാനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അവസാന ശ്വാസം വരെ കര്‍മനിരതനായിരുന്നു ആ കമ്യൂണിസ്റ്റ്. അടുത്തൊരു നൂറ്റാണ്ടിന് കൂടി കരുത്ത് പകര്‍ന്നാണ് ഒരു നൂറ്റാണ്ടോളം നീണ്ട ആ സമര്‍പ്പിത ജീവിതത്തിന് അന്ത്യമായത്. വി.എസ്സിനോളം വലിയൊരു നേതാവ് ഇനി മലയാളിക്കില്ല, ഇനി ഉണ്ടാകാനുമിടയുമില്ല.

cake tower new
LATEST NEWS
ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ബിരുദം മതി,പ്രവൃത്തി പരിചയം വേണ്ട ! ഐഎസ്ആർഒയിൽ 242 ഒഴിവുകൾ;ക്ലർക്ക്,അസിസ്റ്റന്റ്,സ്റ്റെനോഗ്രാഫർ തസ്തികകൾ

ഐഎസ്ആർഒയിൽ (ISRO) ജോലി നേടാൻ മികച്ച അവസരം. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ജൂനിയർ...

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ഇന്ത്യയിൽ ആദ്യമായി ഡെങ്കപ്പനിക്കെതിരെ വാക്സിൻ, മൂന്ന് മാസത്തിന്റെ ഇവേളയിൽ രണ്ട് കുത്തിവയ്പ്പായി നൽകും

ന്യൂഡൽഹി: ഡെങ്കിപ്പനി പ്രതിരോധ രം​ഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി...

‘കുട്ടി കഷ്ടപ്പെടരുത്’: സ്‌കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

‘കുട്ടി കഷ്ടപ്പെടരുത്’: സ്‌കൂള്‍ പ്രവേശനത്തിനായി വ്യാജ ജനനത്തീയതി നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കളുടെ...