ഐക്യകേരളത്തിന് ഇന്ന് 70-ാം പിറന്നാൾ; സംസ്ഥാനത്ത് ആഘോഷ നിറവ്

Nov 1, 2026

തിരുവനന്തപുരം:ഐക്യകേരളത്തിന് ഇന്ന് 70-ാം പിറന്നാൾ. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായതിന്റെ ഓർമ്മ പുതുക്കി സംസ്ഥാനമൊട്ടാകെ കേരളപ്പിറവി ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.

തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മലബാർ പ്രദേശവും കാസർഗോഡും ചേർന്നാണ് ഇന്നത്തെ കേരളം രൂപം കൊണ്ടത്. നീണ്ട ഐക്യകേരള പ്രസ്ഥാനത്തിനൊടുവിൽ 1956 നവംബർ ഒന്നിന് കേരളം ഔദ്യോഗികമായി നിലവിൽ വന്നു. 1957 ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭ അധികാരമേറ്റു.

സംസ്ഥാനത്തുടനീളം ഇന്ന് വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. സ്കൂളുകളിൽ മലയാള ഭാഷാ പ്രതിജ്ഞയും സാംസ്കാരിക പരിപാടികളും കലാമത്സരങ്ങളും നടക്കും.

സാക്ഷരതയിലും ആരോഗ്യരംഗത്തും രാജ്യത്തിന് മാതൃകയായി വളർന്ന കേരളത്തിന്റെ യശസ്സ് ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് അഭിമാനത്തോടെ ആഘോഷിക്കുന്നു.

തലസ്ഥാനത്ത് മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ വച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും.

LATEST NEWS