പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചു; അമ്മയും കാമുകനും പിടിയില്‍

Aug 4, 2025

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയില്‍. കുട്ടികള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. പൊലീസ് പിടിയിലായ ഇവരെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കാമുകനില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെടുത്തത്. സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 26ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച യുവതി അന്ന് തന്നെ പ്രസവിച്ചിരുന്നു. എന്നാല്‍ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.

LATEST NEWS