പാലക്കാട്: ടിവി യുടെ റിമോട്ട് കൺട്രോൾ നൽകാത്തതിന്റെ വിഷമത്തിൽ പന്ത്രണ്ട് വയസ്സുകാരൻ ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടുകൂടി തച്ചമ്പാറ മുതുകുറുശ്ശി അലറാംപടി ഭാഗത്ത് ഭഗവതിപറമ്പിൽ പ്രമോദിന്റെയും ഷിജിയുടെയും മകൻ പ്രദോഷ് ആണ് ആത്മഹത്യ ചെയ്തത്. വീടിൻറെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ ഹോളി ഫാമിലി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രദോഷിനെ, പുതിയ അധ്യയന വർഷത്തിൽ തച്ചമ്പാറ ഡി ബി എച്ച്എസ് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർത്തിരുന്നു. കുട്ടിക്ക് നിരന്തരമായി ടിവി കാണുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്നും, ഇതിനെച്ചൊല്ലി വീട്ടിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും പ്രദേശവാസിയായ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നൗഷാദ് ബാബു വ്യക്തമാക്കി. പകൽ പന്ത്രണ്ട് മണിയോടെ കുട്ടി ടിവി റിമോട്ട് ആവശ്യപ്പെട്ടപ്പോൾ അമ്മ നൽകാതിരുന്നതിനെത്തുടർന്നാണ് പ്രദോഷ് വീടിന്റെ മുകൾനിലയിലേക്ക് മാറിയതും പിന്നീട് ജീവനൊടുക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പ്രമോദ് നിലവിൽ ഗൾഫിൽ ജോലി ചെയ്യുകയാണ്. മൂത്ത മകന്റെ ദാരുണമായ വിയോഗവാർത്ത അറിഞ്ഞ ഉടൻ തന്നെ അദ്ദേഹം നാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. പ്രദോഷിന് ഒരു അനിയൻ കൂടിയുണ്ട്.



















