കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് അഭിമാനമായി മൂന്ന് കുട്ടികൾ ന്യൂഡൽഹിയിലേയ്ക്ക്

Jul 26, 2024

നെഹ്റു യുവകേന്ദ്ര തിരുവനന്തപുരവും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ വിജയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് താലൂക്ക് തലങ്ങളിൽ നടന്ന മത്സരങ്ങളിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസിൽ നിന്നും മൂന്ന് വിദ്യാർത്ഥികൾ ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിന്റെ വിശിഷ്ഠ അതിഥികളായി പങ്കെടുക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡുകൾ വീക്ഷിക്കുന്നതിനും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങി പ്രമുഖരെ നേരിട്ട് കാണുന്നതിനും സംവദിക്കുന്നതിനും കുട്ടികൾക്ക് അവസരമുണ്ടാകും.

ന്യൂഡൽഹിയിൽ 5 ദിവസങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന പരമാവധി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാകും. ചെങ്കോട്ട, ദേശീയ മ്യൂസിയം തുടങ്ങിയവ കൂടാതെ താജ് മഹൽ ഉൾപ്പടെ കാണാനുള്ള അവസരമാണ് കുട്ടികളെ കാത്തിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അതിഥികളായെത്തുന്ന കുട്ടികൾ ഓഗസ്റ്റ് 7 ന് ഡൽഹിയിലേയ്ക്ക് യാത്ര തിരിക്കും. സ്റ്റേഷനറി കടയിലെ ജീവനക്കാരനായ കാരേറ്റ് ലക്ഷം വീട് ഏഴാം നമ്പറിൽ പ്രഫുല്ലചന്ദ്രന്റെയും വീട്ടമ്മയായ രമ്യയുടെയും മകനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് പി.ആർ.
കിളിമാനൂർ കുറവൻ കുഴി പാഞ്ചജന്യത്തിൽ അധ്യാപകനായ ഷാജിയുടെയും ആറ്റിങ്ങൽ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ ഹർഷ ടി.എസിന്റെയും മകനാണ് പാർത്ഥസാരഥി.

വെള്ളല്ലൂർ കരിം പാലോട് ചൂരോട് പുത്തൻ വീട്ടിൽ ഹോട്ടൽ ജീവനക്കാരനായ സജീറിന്റെയും വീട്ടമ്മയായ സബീറാ ബീവിയുടെയും മകനാണ് + 1 വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ. കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനും ക്വിസ് മാസ്റ്ററുമായ രഞ്ജിത് എ ആറിന്റെ ചിട്ടയായ പരിശീലനമാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ന്യൂഡൽഹിയിലേയ്ക്ക് പറക്കാനൊരുങ്ങുന്ന കുട്ടികളുടെ ആവേശത്തിനൊപ്പം നാട്ടുകാരും സ്കൂൾ പി.ടി.എയും പിന്തുണയുമായി മുന്നിലുണ്ട്.

LATEST NEWS