കിളിമാനൂർ: സംസ്ഥാനത്തെ വലിയ ജലാശയങ്ങൾ, കുളങ്ങൾ, തോടുകൾ, നീർച്ചാലുകൾ എന്നിവിടങ്ങളിലെ മലിനീകരണതോതും ശുചിത്വാവസ്ഥയും പരിശോധിച്ച് ശുദ്ധീകരിച്ച് ഗുണമേന്മ നില നിർത്താനുള്ള പദ്ധതിക്ക് പഴയ കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു.
ജനകീയ പങ്കാളിത്തത്തോടെ മാലിന്യ നിക്ഷേപം തടഞ്ഞ് വാർഡ്തല സമിതികളുടെ നേതൃത്വത്തിൽ സ്ഥാപന സന്ദർശനം നടത്തിയാണ് പഞ്ചായത്ത് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം പാപ്പാല ഏലാ തോട്ടിൽ ജല നടത്തത്തോടെ എംഎൽഎ ഒ.എസ് അംബിക നിർവഹിച്ചു. പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്. ശ്യാം കുമാരൻ, ബ്ലോക്ക് മെമ്പർ എ. ഷീല, വൈസ് പ്രസിഡന്റ് എസ്. വി. ഷീബ, പഞ്ചായത്ത് അംഗങ്ങളായ എസ്. സിബി,
എൻ. സലിൽ, എൻ. എസ്. അജ്മൽ, എസ്. ശ്യാം നാഥ്, സുമ സുനിൽ, രതി പ്രസാദ്, ഗിരിജ കുമാരി, ഷീജ സുബൈർ, ശ്രീലത ടീച്ചർ, പി. ഹരീഷ് എന്നിവർ പങ്കെടുത്തു.

















