യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി എളുപ്പം അറിയാം; സര്‍ക്കാരിന്റെ ‘ക്ലൂ’ ആപ്പ് റെഡി

Dec 24, 2025

തിരുവനന്തപുരം: യാത്രാവേളയില്‍ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഇനി പരിഹാരം. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്ലറ്റ് സൗകര്യങ്ങള്‍ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ വികസിപ്പിച്ച ക്ലൂ മൊബൈല്‍ ആപ്ലിക്കേഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്‌കറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്തു.’മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ ശുചിത്വപരിപാലന പ്രയാണത്തിലേക്കുള്ള പ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

പബ്ലിക് ടോയലറ്റുകള്‍, സ്വകാര്യ ഹോട്ടലുകളിലെ ടോയലറ്റുകള്‍ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ടോയലറ്റ് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിലാണ് ക്ലൂ അപ്പ് സജ്ജീകരിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് ആവിഷ്‌കരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍മ്മിച്ച 1832 ‘ടേക്ക് എ ബ്രേക്ക്’ (Take a Break) കേന്ദ്രങ്ങളില്‍ മികച്ച റേറ്റിങ്ങുള്ളവയും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. തദ്ദേശ യാത്രികര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ ആശ്വാസകരമാകുന്ന സംവിധാനമാണിതെന്നും മന്ത്രി പറഞ്ഞു.

ശുചിത്വ മിഷന്‍ നിശ്ചിത മാനദണ്ഡപ്രകാരം റേറ്റിങ് നല്‍കിയിട്ടുളള ടോയലറ്റുകളെയാണ് ക്ലൂ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവയുടെ നിലവാരം ഉപയോക്താക്കള്‍ക്ക് നേരിട്ട് റേറ്റ് ചെയ്യാന്‍ കഴിയുന്നതിലൂടെ ടോയലറ്റുകളുടെ ശുചിത്വ നിലവാരം എപ്പോഴും ഉറപ്പാക്കുന്നതിന് സാധിക്കും. സംസ്ഥാനത്തെ പ്രധാന നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, ടൂറിസം റോഡുകള്‍ എന്നിവയെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

LATEST NEWS