കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയാകും

Nov 10, 2021

തിരുവനന്തപുരം∙ ഒരു വർഷം മുൻപ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ആ സ്ഥാനത്തേക്കു മടങ്ങിയെത്തുന്നു. കോടിയേരി നാളെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേൽക്കും. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  അന്തിമ തീരുമാനമെടുക്കും. വിജയരാഘവൻ 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞുനിൽക്കല്‍. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി.

മാറി നിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അംഗീകരിച്ചു.  അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അനുവദിക്കുകയായിരുന്നെന്നു പാർട്ടി വിശദീകരിച്ചു.

രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി. നേതൃത്വത്തിനിടയിലെ അഭിപ്രായ ഭിന്നതയാണോ കാരണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ നടന്നപ്പോൾ, മകന്റെ അറസ്റ്റ് രാജിക്കിടയാക്കിയെന്നായിരുന്നു എതിരാളികളുടെ പ്രചാരണം

LATEST NEWS