ആറ്റിങ്ങൽ: ആറ്റിങ്ങൽ വാമനപുരം നദിയിലെ കൊല്ലമ്പുഴ കടവിൽ നിന്നും കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ എസിഎസി നഗർ വട്ടവിളവീട്ടിൽ സതീഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കൊല്ലമ്പുഴ ആറാട്ടുകടവിന് സമീപം നദിയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കാണപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മൃതദേഹം കരയ്ക്ക് എത്തിച്ച് ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചക്കാണ് യുവാക്കളെ വാമനപുരം നദിയിലെ കൊല്ലമ്പുഴ ആറാട്ടുകടവിൽ നിന്നും കാണാതാവുന്നത്. തുടർന്ന് വൈകുന്നേരത്തോടുകൂടി ആറ്റിങ്ങൽ എസിഎസി നഗർ ചെറുമത്തിയോട് വീട്ടിൽ ഷമീർ(36) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
കൊല്ലമ്പുഴ കടവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് എത്തിയ യുവാക്കൾ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനായി ശ്രമം നടത്തുകയും ശേഷം ഇവർ കുളിക്കാൻ ഇറങ്ങിയ സമയം അപകടത്തിൽപെട്ടതാകാം എന്ന് ആറ്റിങ്ങൾ പോലീസ് പറഞ്ഞു. കടവിൽ നിന്ന് ഇവരുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും, മദ്യക്കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.