തൃശൂര്‍: ജാതി വിവേചനത്തിന് പിന്നാലെ കഴകക്കാരന്‍ രാജിവച്ച ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്ക് പുതിയ നിയമനം നടത്താന്‍ നടപടി തുടങ്ങി. ഇത്തവണയും ഈഴവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിക്കാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അഡ്വൈസ് മെമ്മോ അയച്ചിരിക്കുന്നത്. ജാതി വിവേചനത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബി എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് അഡ്വൈസ് മെമ്മോ അയച്ചത്.
നിയമപ്രകാരം അടുത്ത ഊഴവും ഈഴവ ഉദ്യോഗാര്‍ത്ഥിയുടേതാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമിക്കേണ്ടത് കൂടല്‍മാണിക്യം ദേവസ്വമാണ്. വിവാദ വിഷയമായതിനാല്‍ പ്രതിഷേധം ഉള്‍പ്പെടെ ഒഴിവാക്കാന്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും.
അതേസമയം, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ ആവശ്യപ്പെടുന്ന ജാതി പരിഗണന അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ്. ഓപ്പണ്‍ കാറ്റഗറി പ്രകാരമാണ് ബാലുവിന് നിയമനം നല്‍കിയത്. അടുത്തത് കമ്മ്യൂണിറ്റി നിയമനമാണ്. ഇതിലാണ് അനുരാഗിന് അഡ്വൈസ് മെമ്മോ നല്‍കിയിരിക്കുന്നത്. അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ദേവസ്വം ബോര്‍ഡ് വേഗത്തില്‍ തന്നെ കൊടുക്കേണ്ടതാണ് അതിനു കാലതാമസം വരുമെന്ന് കരുതുന്നില്ലെന്നും മോഹന്‍ദാസ് പ്രതികരിച്ചു.