‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’, മരണത്തിലേക്കുള്ള നാലാമത്തെ ഫോണ്‍ വിളി; സോണി മരിച്ചത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

Oct 14, 2025

കൊല്ലം: ‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളി വന്ന് ഒരു നിമിഷം പോലും പാഴാക്കാതെ പോകുമ്പോള്‍ ഫയര്‍ഫോഴ്‌സ് സംഘം ഒരിക്കലും കരുതി കാണില്ല മടങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഉണ്ടാവില്ല എന്ന്. ദൗത്യത്തിന് ശേഷം സുഹൃത്തില്ലാതെ മടങ്ങേണ്ടി വന്ന ദുഃഖത്തിലാണ് ഇപ്പോഴും സഹപ്രവര്‍ത്തകര്‍.

മഴയത്തു കൊട്ടാരക്കര പുലമണ്‍ തോട്ടില്‍ നിന്നു വീടുകളിലേക്കു കയറിയ വെള്ളം ഒഴുക്കി വിട്ട ശേഷം അര്‍ധരാത്രി സഹപ്രവര്‍ത്തകരുമായി മടങ്ങവേ എത്തിയ ഫോണ്‍ കോള്‍ മരണത്തിലേക്കുള്ള വിളിയാകുമെന്ന് അഗ്നിരക്ഷാസേനാംഗം സോണി എസ് കുമാര്‍ ഒരിക്കലും കരുതി കാണില്ല. കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണാണ് സോണി മരിച്ചത്. സഹപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു എന്നറിഞ്ഞിട്ടും വേദന ഉള്ളിലൊതുക്കി ജീവനുകള്‍ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അഗ്‌നിരക്ഷാസേന.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം ‘ഹൃദ്യ’ത്തില്‍ സോണി എസ് കുമാര്‍ (36), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തില്‍ (വിഷ്ണു വിലാസം)അര്‍ച്ചന (33), അര്‍ച്ചനയുടെ സുഹൃത്ത് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാങ്ങാംപറമ്പില്‍ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.

കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും കിണറ്റിലേക്കു വീണു. സുഹൃത്ത് ശിവകൃഷ്ണയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ച്ചന കിണറ്റില്‍ ചാടിയത് എന്നാണ് സംശയം.

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളിയെത്തിയപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അര്‍ധരാത്രിയോടെ സംഘം എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നു യുവതിയുടെ രക്ഷാഭ്യര്‍ഥന കേട്ടു. സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റില്‍ ഇറങ്ങാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

സണ്‍ഡേ സ്‌ക്വാഡിലെ അംഗമായിരുന്ന സോണിക്കും സംഘത്തിനും എത്തിയ നാലാമത്തെ ഫോണ്‍ കോളായിരുന്നു അത്. കിണറ്റില്‍ ഒരു യുവതി വീണു, വേഗം എത്തണം. ആദ്യത്തെ രക്ഷാപ്രവര്‍ത്തനം ആയൂരിലെ തീപിടിത്തം ആയിരുന്നു. വൈകിട്ട് 5.54ന് ആയൂരിലേക്ക് പോയി തീ കെടുത്തി രാത്രി 8.50ന് തിരികെ എത്തി. 10.15ന് രണ്ടാമത്തെ വിളിയെത്തി. എംസി റോഡില്‍ കരിക്കത്ത് മരം വീണ് ബൈക്ക് അടിയില്‍പെട്ടു എന്നായിരുന്നു വിളി. സഹപ്രവര്‍ത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. മഴയില്‍ ഇഞ്ചക്കാട് വീട്ടില്‍ വെള്ളം കയറുന്നത് തടഞ്ഞ് അവിടെ നിന്നു മടങ്ങിയതിന് പിന്നാലെയാണ് യുവതി കിണറ്റില്‍ വീണു എന്ന ഫോണ്‍ കോള്‍ എത്തിയത്.

LATEST NEWS
ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കുക: ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ...

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും, ഇന്ന് തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി...