കോട്ടയം കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹം കണ്ടെത്തി, 10 പേരെ കാണാതായി

Oct 16, 2021

കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടല്‍. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

ശക്തമായ മഴയിൽ കൂട്ടിക്കലിൽ വലിയ തോതിൽനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13 പേരെ കാണാതായതായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് വ്യക്തമാക്കിയത്. മൂന്ന് വീടുകൾ ഒലിച്ചു പോയെന്നും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.

കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജി മോൻ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോൾ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.

കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പൂഞ്ഞാർ ബസ്സ്റ്റോപ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമായിരുന്നു ഇത്.

LATEST NEWS
ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ജോലി കഴിഞ്ഞ് തിരികെ താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയിൽവേ പാത ഇല്ല, സംശയമെന്ന് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം...