തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടർന്ന് അജ്മലിന്റെ വീട്ടിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും. ഇതിന് കെഎസ്ഇബി ചെയർമാന് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കരുതെന്ന് വീട്ടുകാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർക്കെതിരെ അജ്മലിന്റെ കുടുംബം പരാതി നൽകി. തിരുവമ്പാടി പൊലീസിലാണ് പരാതി നൽകിയിട്ടുള്ളത്. വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർ അപമര്യാദയായി പെരുമാറി. ലൈൻമാൻ മർദ്ദിച്ചെന്നും കയ്യേറ്റം ചെയ്തെന്നും അജ്മലിന്റെ അമ്മ മറിയം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെ എസ്ഇബി ഓഫീസിലെത്തി അസിസ്റ്റന്റ് എന്‍ജിനീയർ അടക്കം ജീവനക്കാരെ മര്‍ദിച്ചെന്നും ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് യു സി അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയതു മൂലം കണക്ഷന്‍ വിച്ഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും വെള്ളിയാഴ്ച വൈകീട്ട് അജ്മലിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചിരുന്നു.
ഈ സംഭവത്തിൽ പൊലീസിൽ പരാതി നല്‍കിയതിലുള്ള ദേഷ്യമാണ് എന്‍ജിനിയറുടെ നേര്‍ക്ക് കാണിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ഓഫീസിലെ കസേരകള്‍, ബെഞ്ചുകള്‍, കംപ്യൂട്ടര്‍ തുടങ്ങിയവ നശിപ്പിച്ചതായും ജീവനക്കാർ സൂചിപ്പിച്ചു. ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുകയും, വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് തലയിൽ ഒഴിക്കുകയും ചെയ്തിരുന്നു. വേറെ പറയുന്നതൊക്കെ കള്ളമാണെന്നുമാണ് കേസിലെ പ്രതിയായ അജ്മൽ പറയുന്നത്.

















