കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

Nov 30, 2021

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു.

നഗരത്തിന്റെ എല്ലാ കോണുകളിലേക്കും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ തന്നെ തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരിക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകളിൽ ബസനകൾ സർവീസ് നടത്തുന്നത്. എല്ലാ മേഖലകളേയും സ്പർശിക്കുന്ന സമയബന്ധിതമായ യാത്രാ ലക്ഷ്യം വച്ചാണ് സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ നടത്താനുദ്ദേശിക്കുന്ന വലിയ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടമാണ് സർക്കുലർ സർവീസുകളെന്നും രണ്ടാം ഘട്ടമായി തിരുവനന്തപുരം ജില്ലയുടെ ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക സർവീസുകളും മൂന്നാം ഘട്ടമായി നടപ്പാക്കും.
കെ.എസ്.ആർ.ടി.സിയുടെ ശമ്പള പരിഷ്‌ക്കരണം ഡിസംബറിൽ ഉണ്ടാകുമെന്നും സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ സർക്കുലർ സർവീസിന്റെ ഗുഡ് ഡേ ടിക്കറ്റും ഗൈഡ് ബുക്ക് പ്രകാശനവും നടത്തി. കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ സ്വാഗതം പറഞ്ഞു. യൂണിയൻ നേതാക്കളായ സി.കെ. ഹരികൃഷ്ണൻ, കെ.എൽ. രാജേഷ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് ജി.പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സിറ്റി സർക്കുലർ സർവീസുകളിലെ ഏതു ബസിലും ടിക്കറ്റെടുത്ത സമയം മുതൽ 24 മണിക്കൂർ ദൂരപരിധിയില്ലാതെ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യം കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്.

ഗുഡ് ഡേ ടിക്കറ്റ് എന്ന പേരിലുള്ള ഈ യാത്രാ പദ്ധതിക്ക് പ്രാരംഭ ഓഫറായി 150 രൂപയുടെ ടിക്കറ്റ് 66 ശതമാനം ഡിസ്‌കൗണ്ടിൽ 50 രൂപക്ക് യാത്രാക്കാർക്ക് ലഭിക്കും. പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്കുള്ള പ്രീ പെയ്ഡ് ഡിജിറ്റൽ സ്മാർട്ട് കാർഡ് വിതരണം കെ.എസ്.ആർ.ടി.സി ഡിസംബർ 15ന് ആരംഭിക്കും. സർക്കുലർ സർവീസുകൾക്കായി 90 ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്ന് 54 സർവീസുകളും പേരൂർക്കട ഡിപ്പോയിൽ നിന്ന് 36 സർവീസുകളുമാണ് നിലവിലുള്ളത്.

LATEST NEWS
‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

‘ചിലര്‍ പണപ്പിരിവിന് ഇറങ്ങിപ്പുറപ്പെടുന്നു’; മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ്...