തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളായി നിന്ന 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ചു. താഴെത്തട്ടില്‍ വനിതാ ശാക്തീകരണ ദൗത്യത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാന്നിധ്യത്തെയാണ് ഫലം കാണിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17,082 കുടുംബശ്രീ പ്രവര്‍ത്തകരാണ് മത്സരിച്ചത്. എല്ലാ ജില്ലകളിലും വിജയികള്‍ ഉണ്ട്. കമ്മ്യൂണിറ്റി വികസനത്തിലും തദ്ദേശ ഭരണത്തിലും സഹകരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ജനപിന്തുണയാണ് ഫലം വ്യക്തമാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വിജയിച്ചത് കോഴിക്കോട് (709) ആണ്. മലപ്പുറം (697), തൃശൂര്‍ (652), പാലക്കാട് (648), ആലപ്പുഴ (643) എന്നിങ്ങനെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ച തൊട്ടുപിന്നിലുള്ള ജില്ലകള്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ കടന്നുവരവ് വികേന്ദ്രീകൃത ഭരണത്തെ ശക്തിപ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ മിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.















