തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും വേദിയാകുന്നു. ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, പ്രയാഗ്‌രാജ് എന്നീ നാല് പ്രധാന കുംഭമേളകള്‍ക്ക് സമാനമായി മലപ്പുറം തിരുന്നാവായയും തീര്‍ഥാടക സംഗമ ഭൂമിയാകും. തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ കുംഭമേള അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ മേളയുടെ സംഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏകോപിക്കാന്‍ സ്വീകരണ സമിതിക്ക് രൂപം നല്‍കും.
രാജ്യത്തെ ഏറ്റവും വലിയ സന്യാസ സമൂഹമായ ജുന അഖാരയാണ് കേരളത്തിലെ കുംഭ മേളയ്ക്കും മേല്‍നോട്ടം വഹിക്കുകയെന്ന് ജുന അഖാരയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കുംഭമേളയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി സ്വാമി ആനന്ദവനം ബുധനാഴ്ച തിരുനാവായ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. മഹാമണ്ഡലേശ്വര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളികൂടിയാണ് സ്വാമി ആനന്ദവനം ഭാരതി. ക്യാംപസ് രാഷ്ട്രീയത്തില്‍ തൃശ്ശൂരിലെ എസ് എഫ് ഐ നേതാവായിരുന്ന സ്വാമി ആനന്ദവനം ഭാരതി പിന്നീട് സന്യാസം സ്വീകരിക്കുകയായിരുന്നു.
ഉത്തരേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഉത്സവത്തിന്റെ പാരമ്പര്യമുള്ള നാടാണ് തിരുന്നാവായ എന്നാണ് സ്വാമി ആനന്ദവനം ഭാരതി പറയുന്നത്. ചേരമാന്‍ പെരുമാളിന്റെ കാലത്ത് തിരുനാവായയില്‍ മഹാ മഖം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. ദക്ഷിണേന്ത്യയില്‍ തിരുന്നാവായയ്ക്ക് പുറമെ തമിഴ്നാട്ടിലെ കുംഭകോണത്തും ആചാരമായി മഹാ മഖം നിലനിന്നിരുന്നു. മലയാള മാസത്തിലെ മകം നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങുകള്‍ നടന്നിരുന്നത് എന്നും സ്വാമി പറയുന്നു.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആയിരുന്നു തിരുന്നാവായയില്‍ മഹാ മഖം നടന്നിരുന്നത്. ഹിന്ദു ധര്‍മ്മം അനുസരിച്ച് യജ്ഞവും യാഗവുമായിരുന്നു ഈ ഉത്സവകാലത്ത് നടത്തിയിരുന്നത്. പുതിയ രാജാവിനെ തെരഞ്ഞെടുക്കുന്നതും ഈ സമയത്തായിരുന്നു. അവസാനത്തെ പെരുമാളായ സുന്ദരമൂര്‍ത്തിയുടെ ഭരണത്തിനുശേഷം, ഉത്സവത്തിന്റെ നേതൃത്വം പെരുമ്പടപ്പ് സ്വരൂപത്തിലേക്കും പിന്നീട് വള്ളുവ കോനാതിരിയിലേക്കും മാറി. പിന്നീടാണ് ചടങ്ങിന് ആയോധനരൂപം കൈവന്നതും മാമാങ്കം എന്ന നിലയിലേക്ക് മാറിയത് എന്നും അദ്ദേഹം പറയുന്നു.
തിരുന്നാവായയില്‍ വീണ്ടും മഹാ മഖം ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും സ്വാമി പറയുന്നു. 2016-ല്‍ ആണ് വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചത്. തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ഭാരതപ്പുഴയുടെ തീരത്ത് നദീപൂജാ ചടങ്ങുകള്‍ നടത്തിയാണ് ഇതിന്റെ തുടക്കം കുറിച്ചത്. കോവിഡ് കാലത്ത് ഒഴികെ ചടങ്ങുകള്‍ എല്ലാവര്‍ഷവും തുടരുകയും ചെയ്തു.
2016 ല്‍ ചടങ്ങുകള്‍ ആരംഭിച്ചത് പ്രകാരം 2028 ല്‍ വിപുലമായ മഹാ മഖം (കുംഭമേള) ആഘോഷിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന് മുന്നോടിയായാണ് 2026 ലെ ചടങ്ങുകള്‍. അടുത്ത വര്‍ഷത്തെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ സഹകരണം ജുന അഖാര തേടും. മറ്റ് അഖാരകളില്‍ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തവും ഉറപ്പാക്കും. കേരളത്തിലെ ആശ്രമങ്ങളും സ്വാമിമാരും മേളയില്‍ പങ്കാളികളാകുമെന്നും സ്വാമി ആനന്ദവനം പറഞ്ഞു.
![]()
![]()

















