തിരുവനന്തപുരം : തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ലക്ഷദീപം. ലക്ഷദീപത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് നാലുമുതല്‍ കിഴക്കേകോട്ട, അട്ടക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നിവിടങ്ങളിലാണ് നിയന്ത്രണം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
തിരക്കുണ്ടായാല്‍ പടിഞ്ഞാറേക്കോട്ട, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ഗണപതികോവില്‍, വെട്ടിമുറിച്ചകോട്ട, നോര്‍ത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളില്‍നിന്ന് ക്ഷേത്രത്തിലേക്ക് വാഹനഗതാഗതം അനുവദിക്കില്ല. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതിക്കോവില്‍, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട – ഈഞ്ചയ്ക്കല്‍ റോഡിലും ഈഞ്ചയ്ക്കല്‍- കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
ഈഞ്ചയ്ക്കലില്‍നിന്ന് കിഴക്കേകോട്ട ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ -കൊത്തളം -അട്ടക്കുളങ്ങര വഴി പോകണം. ലക്ഷദീപം കാണാനെത്തുന്നവരുടെ വലിയ വാഹനങ്ങള്‍ വെട്ടിമുറിച്ചകോട്ട, ഈഞ്ചക്കല്‍, വാഴപ്പള്ളി ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി ആറ്റുകാല്‍ ക്ഷേത്ര പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
ചെറിയ വാഹനങ്ങള്‍ ഈസ്റ്റ് ഫോര്‍ട്ട്, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം ഭാഗങ്ങളില്‍ ആള്‍ക്കാരെയിറക്കി മാഞ്ഞാലിക്കുളം ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം, ചാല ബോയ്സ് ഹൈസ്‌കൂള്‍, ചാല ഗേള്‍സ് ഹൈസ്‌കൂള്‍, അട്ടക്കുളങ്ങര ഹൈസ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളേജ്, ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യണം. ക്ഷേത്ര ട്രസ്റ്റ് പാസുള്ള വാഹനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
















