പാരിസ്: ഒറ്റ ജയം മതി ഇനി ലക്ഷ്യ സെന്നിനു ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്റെ പേര് തങ്ക ലിപികളില്‍ എഴുതി ചേര്‍ക്കാന്‍. ഒളിംപിക്‌സ് ബാഡ്മിന്റണിലെ ഇന്ത്യയുടെ ഏക പ്രതീക്ഷിയായ ലക്ഷ്യ ചരിത്രമെഴുതി ബാഡ്മിന്റണ്‍ സെമിയിലേക്ക് മുന്നേറി. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ലക്ഷ്യ മാറി. മെഡല്‍ നേടിയാല്‍ അതു മറ്റൊരു ചരിത്രം.
ക്വാര്‍ട്ടറില്‍ തായ്‌വന്‍ താരം ചു ടിയെന്‍ ചെന്നിനെ വീഴ്ത്തിയാണ് ലക്ഷ്യ മുന്നേറിയത്. മിന്നും തിരിച്ചു വരവ് നടത്തിയാണ് ലക്ഷ്യ സെമിയിലേക്ക് കുതിച്ചെത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ ഇന്ത്യന്‍ താരം അസാമാന്യ പ്രകടനമാണ് പുറത്തെടുത്ത്. സ്‌കോര്‍: 19-21, 21-15, 21-12.
അതിവേഗ നീക്കങ്ങളും ബുദ്ധിപരമായ ഷോട്ടുകളും ക്രിസ്പിയായ സ്മാഷുകളും റിവ്യു ഫലപ്രദമായി ഉപയോഗിച്ചും ലക്ഷ്യം കളം വാണു. ഓരോ തവണ സര്‍വീസ് കൈവിട്ടപ്പോഴും തൊട്ടടുത്ത നിമിഷം തന്നെ എതിരാളിയുടെ സര്‍വീസ് ഭേദിച്ച് ലക്ഷ്യ മികവ് ആവര്‍ത്തിച്ചു. അവസാന സെറ്റില്‍ 4-5 പോയിന്റ് വ്യത്യാസം എതിരാളിയുമായി കൃത്യമായി സൂക്ഷിച്ചാണ് താരം മുന്നേറിയത്.

















