കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കര്‍ദിനാള്‍ തുടര്‍നടപടി നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഈ സാഹചര്യത്തില്‍ കര്‍ദിനാള്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടി വരും. ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.
സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയാണ് വിറ്റതെന്ന ആരോപണം അന്വേഷണത്തില്‍ കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസ് തുടര്‍ന്നും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.



















