തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ്ങും പവകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ യൂണിറ്റിന് പരമാവധി 10 രൂപ വരെ വിലയ്ക്ക് വൈദ്യുതി വാങ്ങാനേ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ കെഎസ്ഇബി സ്വയം ഈ തീരുമാനമെടുക്കുകയായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളും ഉയര്‍ന്ന വില നല്‍കി വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി നേരിടുന്നതെന്ന് വ്യക്തമാക്കി കെഎസ്ഇബി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ ബാധിക്കുകയും വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടെ മുഖ്യമന്ത്രി വിഡി സതീശന്‍, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം എന്നിവര്‍ നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിപിസിയുടെ രത്നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും. ഇതിനുപുറമേ, ഒഡിഷയില്‍ നിന്നും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും 150 മെഗാവാട്ട് വീതം വൈദ്യുതി വാങ്ങുന്നതിനും വാക്കാല്‍ ധാരണയായിട്ടുണ്ട്. ഒഡിഷയില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയാണ് വിലയെങ്കില്‍, ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വൈദ്യുതിയുടെ വില അത് അനുവദിക്കുന്ന മുറയ്ക്ക് നിശ്ചയിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി സമയങ്ങളില്‍ ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
സംസ്ഥാനത്ത് ഉപഭോഗം കുത്തനെ കൂടിയ ദിവസങ്ങളില്‍ 800 മെഗാവാട്ട് വരെ വൈദ്യുതിയാണ് പുറത്തുനിന്ന് കൂടുതലായി ആവശ്യമായി വരുന്നത്. ഇതില്‍ 600 മെഗാവാട്ട് ലഭ്യമാക്കാന്‍ സാധിച്ചാല്‍ ബാക്കി വരുന്ന കുറവ് തത്സമയ വിപണിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ പരിഹരിക്കാനാകും. ഇതുവഴി നിലവിലുള്ള വൈദ്യുതി നിയന്ത്രണങ്ങളും ലോഡ് ഷെഡിങ്ങും പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയന്ത്രണം ഒഴിവാക്കിയിരുന്നു.

ഇതിനുപുറമേ, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ മാതൃക പിന്തുടര്‍ന്ന് ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിതരണ കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി പരമാവധി വൈദ്യുതി ഉറപ്പാക്കാന്‍ മൂന്ന് കെഎസ്ഇബി ഡയറക്ടര്‍മാര്‍ തിങ്കളാഴ്ച യാത്ര തിരിക്കും. രാത്രികാലങ്ങളില്‍ യൂണിറ്റിന് 16 രൂപ മുതല്‍ 30 രൂപ വരെയാണ് ഈ കമ്പനികള്‍ ആവശ്യപ്പെടുന്നത്. തമിഴ്‌നാട് കഴിഞ്ഞദിവസം യൂണിറ്റിന് 36 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങിയത്. ഇത്രയും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ബോര്‍ഡിന് വരുന്ന സാമ്പത്തിക ബാധ്യതയും സര്‍ക്കാരിന്റെ സബ്സിഡി സഹായങ്ങളും സംബന്ധിച്ച് വരും ദിവസങ്ങളില്‍ വ്യക്തതവരും.




















