പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേരളത്തിലെ 18 എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശശി തരൂർ വിദേശ സന്ദർശനത്തിൽ ആയതിനാൽ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുൽ ഗാന്ധി റായ്ബറേലി എംപിയായി സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ പദവിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അധ്യക്ഷനെ സഹായിക്കുന്ന പാനലിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും
രാവിലെ പത്ത് മണിക്ക് പാർലമെന്റ് വളപ്പിൽ എത്താൻ എംപിമാർക്ക് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്ട്. എംപിമാർ ഒന്നിച്ചാകും സഭയിലേക്ക് എത്തുക. ഭരണം പിടിക്കാനായില്ലെങ്കിലും ശക്തമായ പ്രതിപക്ഷമായാണ് ഇന്ത്യ മുന്നണി ലോക്‌സഭയിലേക്ക് ഇത്തവണ എത്തുന്നത്. പാർലമെന്റിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ നീറ്റ്, നെറ്റ് പരീക്ഷാ വിവാദം സഭയെ പ്രക്ഷുബ്ദമാക്കുമെന്ന് ഉറപ്പാണ്.

















