വിദേശത്തേക്ക് കടക്കാന്‍ സാധ്യത; ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി ക്രൈംബ്രാഞ്ച്

Dec 25, 2024

കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊലൂഷ്യന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനായി പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കാനുളള സാധ്യത കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് നടപടി.

ചോദ്യപേപ്പര്‍ എവിടെ നിന്നാണ് ചോര്‍ന്നത്, എങ്ങനെ കിട്ടി എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ശാസ്ത്രീയമായി തെളിയിക്കണ്ടെതുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല. ഷുഹൈബിനായുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതമാക്കി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഷുഹൈബിനൊപ്പം ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ ഹാജരാകാമെന്നാണ് അധ്യാപകര്‍ അന്വേഷണ സംഘത്തെ നിലവില്‍ അറിയിച്ചിരിക്കുന്നത്. ഷുഹൈബ് ഹാജരാകാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും.രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്ക് എം എസ് സൊല്യൂഷന്‍ പ്രവചിച്ച പാഠ ഭാഗങ്ങളില്‍ നിന്നുള്ള 32 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പരീക്ഷയില്‍ വന്നെന്നായിരുന്നു കെ.എസ്.യു ആരോപിച്ചത്.

LATEST NEWS