യുഎഇ: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ.

നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം ഉന്നമിട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്. ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ.
യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും. ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്ന് (വിൽപനയ്ക്കുവച്ച ഓഹരികളേക്കാൾ പതിന്മടങ്ങ് അപേക്ഷകൾ) നേരത്തേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ പ്രവചിച്ചിരുന്നു.

100 മടങ്ങിലേറെ (ഐപിഒയിൽ വിൽപനയ്ക്കുള്ളതിന്റെ 100 മടങ്ങ് അധികം) അധിക സബ്സ്ക്രിപ്ഷനാണ് പ്രതീക്ഷിക്കുന്നത്. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന മുഖ്യ എതിരാളികൾ.



















