മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 73-ാം ജന്മദിനം

Sep 7, 2024

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാൾ.

1971 ഓഗസ്റ്റ് ആറിന്, അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മമ്മൂട്ടി, അഭിനയ ജീവിതത്തിൽ പാളിച്ചകളില്ലാതെ അരനൂറ്റാണ്ട് പൂർത്തിയാക്കിയിരിക്കുകയാണ്. അനുഭവങ്ങൾ പാളിച്ചകളിൽ ക്യാമറയ്ക്ക് മുന്നിൽ നില്ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല് പുറത്തിറങ്ങിയ കാലചക്രം എന്ന സിനിമയിലാണ്. 1980 ൽ വില്ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന് നായർ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില് അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന് നായർ, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിർദ്ദേശിച്ചത്.

ഈ സിനിമയിൽ മമ്മൂട്ടിയ്ക്ക് ശബ്ദം നല്കിയത് ശ്രീനിവാസനാണ്.

1980ൽ ഇറങ്ങിയ കെ.ജി.ജോർജ്ജിന്റെ മേള എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍, ദേശീയ അവാർഡുകളും, ഫിലിം ഫെയർ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സർവകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്‍.
മൂന്നു ദേശീയ അവാര്ഡുകളും പത്മശ്രീയും നേടി മഹാനടൻ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്.

1951ന് സെപ്റ്റംബർ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില് ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആൽബർട്ട് സ് സ്കൂൾ, ഗവണ്മെന്റ് ഹൈസ്കൂൾ, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളിൽ നിന്നായി പഠനം പൂര്ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്ഫത്തുമായുളള വിവാഹം.

ഏറ്റെടുക്കുന്ന വേഷങ്ങളോട് ഇദ്ദേഹം കാണിക്കുന്ന ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സിൽ ഫ്രെയിം ചെയ്ത് വയ്ക്കുന്നതിൽ നിന്നറിയാം മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകള്‍. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും, ജേർണലിസ്റ്റായും,മാഷായും, സാഹിത്യകാരനായും, അടിയാനായും, ഭൂതമായും, ചരിത്രപുരുഷനായും, അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങള്‍.

ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകൻ ദുല്‍ഖർ സല്‍മാൻ ഉൾപ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകൾ അണിയറയിൽ ഒരുങ്ങുകയാണ്.

മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പർസ്റ്റാർ ഉണ്ടാവില്ല. ലാൽജോസും അമൽ നീരദും ആഷിക് അബുവും, അൻവർ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്ക്കപ്പുറത്ത് പകച്ച്‌ നിന്നിരുന്ന ഈ നവാഗതർക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള് ആകുമ്പോഴും കേരളം ചോദിക്കുക. അതിനിടയിലും പ്രിയ താരം ആയുരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടേ എന്നും പ്രാർത്ഥിക്കുന്നുണ്ട് ആരാധകർ. ഇങ്ങനെ മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകള്‍ കൊണ്ട് മൂടുകയാണ് കേരളക്കര.

LATEST NEWS
മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം; ഡോ. ശ്രീക്കുട്ടിയുടെ അറസ്റ്റും രേഖപ്പെടുത്തി

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം; ഡോ. ശ്രീക്കുട്ടിയുടെ അറസ്റ്റും രേഖപ്പെടുത്തി

കൊല്ലം: മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ...