പോത്തൻകോട്: പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിതീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. അവരെ ഫോണിൽ ബന്ധപ്പെടാൻശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്.

ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേയ്ക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തി. ആറു കേന്ദ്രങ്ങളിൽ നിന്നായി 210 അതിഥി തൊഴിലാളികൾ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും ആറ് കെട്ടിട ഉടമകൾക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ ഷിബു അറിയിച്ചു.

















