‘മരക്കാർ’ തിയറ്റർ കാണില്ല; ഒടിടി റിലീസ് സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ

Nov 5, 2021

ആരാധകര്‍ കാത്തിരുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ പല കാരണങ്ങളുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ സിനിമ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു തങ്ങളുടെ എല്ലാവരുടെയും ആഗ്രഹമെന്നും എന്നാല്‍ തീയേറ്ററില്‍ റിലീസ് നടക്കാത്തതിനു പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും ആന്റണി പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കു പോലും തിയേറ്റര്‍ ഉടമകള്‍ തയാറായില്ല. തന്നെയുമല്ല മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും അടക്കം എല്ലാവരുടെയും നിര്‍ദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ആന്റണി പറയുന്നു.
ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് മരക്കാര്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന വിവരം പുറത്തുവിട്ടിരുന്നു.
തീയേറ്ററുകള്‍ തുറക്കുമ്പോള്‍ അവര്‍ വേറെ പടങ്ങള്‍ ചാര്‍ട്ട് ചെയ്ത് കളിക്കുന്നുവെന്നും മരക്കാര്‍ എന്നാണ് റിലീസ് ചെയ്യുന്നത് എന്നാണെന്ന് തിയേറ്ററുടമകള്‍ ചോദിച്ചിട്ട് പോലുമില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

അതേസമയം തീയറ്റര്‍ റിലീസ് നടക്കാതിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞു കേട്ടതല്ല കാരണങ്ങളെന്ന് ആന്‍റണി പറഞ്ഞു. മരക്കാര്‍ സിനിമയ്ക്കായി തനിക്ക് 40 കോടി രൂപ അഡ്വാന്‍സ് ലഭിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണ്. തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ പരിഗണനകള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു.
ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാര്‍ കളിക്കാമെന്ന് ഉറപ്പ്‌നല്‍കിയിരുന്നു. എന്നാല്‍ ഈ കരാറില്‍ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല. തീയേറ്റര്‍ അഡ്വാന്‍സായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഈ ചിത്രം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. മോഹന്‍ലാല്‍ സാറിന്റെ ആരാധകരോടും ഈ സിനിമയ്ക്കായി കാത്തിരുന്ന മലയാളി പ്രേക്ഷകരോടും ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ വഴികളും തേടിയതാണ്. പക്ഷേ ഈ നിലയിലൊരു തീരുമാനം ഒടുവില്‍ എടുക്കേണ്ടി വന്നുവെന്നും ആന്റണി പറഞ്ഞു.

ഫിയോക്കില്‍ നിന്നും താന്‍ രാജിവച്ചതാണ്. തന്റെ രാജിക്കത്ത് ദിലീപിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതിന്റെ സ്ഥാപക നേതാവ് കൂടിയാണെന്നും തന്റെ രാജിക്കത്ത് കിട്ടിയില്ലെന്ന് ഫിയോക്ക് ഭാരവാഹികളുടെ പ്രതികരണത്തോട് ആയി ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.നിലവിലെ നേതൃത്വം മാറാതെ ഇനി ഫിയോക്കില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

LATEST NEWS
മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത്...