താലികെട്ടിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി

Nov 22, 2021

വെഞ്ഞാറമൂട്: താലികെട്ടിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഞായറാഴ്ച്ച രാവിലെ വെഞ്ഞാറമൂട്ടിലെ ഒരു ആഡിറ്റോറിയത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന്റെ പിന്മാറ്റത്തെത്തുടര്‍ന്ന് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായെങ്കിലും വിവരമറിഞ്ഞെത്തിയ പൊലീസ് രംഗം ശാന്തമാക്കുകയായിരുന്നു.

വെഞ്ഞാറമൂടിന് സമീപത്ത് തന്നെയുള്ളതായിരുന്നു വധു. കടയ്ക്കല്‍ പ്രദേശത്തുകാരനായിരുന്നു നിയമപാലകന്‍ കൂടിയായ വരന്‍. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതിനുശേഷം ഏറെ അടുപ്പത്തിലായിരുന്നു ഇരുവരും. രണ്ടുപേരെയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നാണ് ഇരുവരുടെയും ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. കൊവിഡ് ഭീതി ഒഴിഞ്ഞതോടെ കാര്യമായി തന്നെ വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിക്കുകയും ചെയ്തു. ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമാെക്കെ ഇരുകൂട്ടരും ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്നലെ വധുവിന്റെ വീട്ടില്‍ നടന്ന സത്കാരത്തില്‍ വരന്റെ അടുത്ത ബന്ധുക്കളില്‍ ചിലര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

രാവിലെ വിവാഹം നടക്കുന്ന ആഡിറ്റോറിയത്തില്‍ എത്തിയ വരനെയും കൂട്ടരെയും വധുവിന്റെ ബന്ധുക്കള്‍ ഗംഭീരമായി തന്നെ സ്വീകരിച്ചാനയിച്ചു. വരനൊപ്പം എത്തിയവരും വധുവിന്റെ ചില ബന്ധുക്കളും ഭക്ഷണം കഴിക്കുകയും ചെയ്തു. പക്ഷേ, അല്പം കഴിഞ്ഞതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു. സ്വീകരണ സമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരന്‍ തനിക്ക് ഈ വിവാഹം വേണ്ടെന്നും ഇതില്‍ നിന്ന് പിന്മാറുകയാണെന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇതുകേട്ടതോടെ ചടങ്ങിനെത്തിയവര്‍ അന്തംവിട്ടു, വരന്റെ ബന്ധുക്കളില്‍ ചിലരും വരന്റെ തീരുമാനത്തിനൊപ്പം നിന്നു. ഇതോടെ ആകെ പ്രശ്‌നമായി. ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്ന് തന്റെയും സഹാേദരിയുടെയും ഫോണില്‍ ഒരു യുവാവ് വിളിച്ചെന്നും കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടുവെന്ന് യുവാവ് വെളിപ്പെടുത്തിയെന്നാണ് ചടങ്ങിനെത്തിയവര്‍ പറയുന്നത്.

ഇതാേട കൈയാങ്കളിയായി. വിവരമറിഞ്ഞ് പൊലീസും എത്തി. അതോടെ കൈയാങ്കളിക്കാര്‍ സ്ഥലംവിട്ടു. തുടര്‍ന്ന് പൊലീസ് വരന്റെയും വധുവിന്റെയും രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. നഷ്ടങ്ങള്‍ സ്വയം സഹിക്കാമെന്നും ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പരാതി ഒന്നുമില്ലെന്നുമുള്ള ധാരണയില്‍ ഇരകൂട്ടരും പിരിയുകയായിരുന്നു.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...