റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ 14 നക്‌സലൈറ്റുകളെ വധിച്ചു. ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയായ ഗരിയാബന്ധ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഒരു സുരക്ഷാസൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്.
വധിച്ചവരില്‍ ഒരു കോടി രൂപ വിലയിട്ടിട്ടുള്ള, മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്‌റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
മെയിന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി സൈന്യം നടത്തിയ ഓപ്പറേഷനിടെ, മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. നക്‌സല്‍ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷാ സേന ഏറ്റുമുട്ടലില്‍ 14 നക്‌സലുകളെ വധിച്ചതായും അമിത് ഷാ വ്യക്തമാക്കി.