ആറ്റിങ്ങൽ: നൂറ്റി അമ്പത്തിരണ്ടാമത് ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ആഫീസിന്റെയും, ഫെറ റെസിഡൻസ് അസോസിയേഷന്റെയും, ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും അഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. റാലിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ലഹരി വർജ്ജന മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിമുക്‌തി. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി ചെറുവള്ളിമുക്ക്, അവനവഞ്ചേരി, വലിയകുന്ന്, മൂന്നുമുക്ക് തുടങ്ങി പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്ന് പോകും. ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും റാലിക്ക് ഉപയോഗിക്കുന്ന സൈക്കിളിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ റാലിയിൽ പങ്കെടുക്കുന്ന ശ്രീ സത്യസായി കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരെ യോഗത്തിൽ ആദരിച്ചു.
നഗരസഭ കൗൺസിലറും വോളന്റിയർ ബ്രിഗേഡുമായ വി.എസ്. നിതിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ജി.എസ്.ബിനു, റസിഡൻസ് അസോസിയേഷൻ ചെയർമാൻ ഉണ്ണി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു സ്വാഗതവും, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് എം.ഷിബു നന്ദിയും അറിയിച്ചു.