ചിറയിന്‍കീഴ്: എംഡിഎംഎ കൈവശം വെച്ച പ്രതിയെ എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയുടെയും സഹോദരന്റെയും അക്രമത്തില്‍ എക്‌സൈസ് സംഘത്തിന് പരിക്ക്. ചിറയിന്‍കീഴ് ശാര്‍ക്കര ക്ഷേ്ത്രത്തിന് സമീപം ദൈവകൃപയിൽ അഗാറസ് (27) നെയാണ് കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് സംഘം വീട്ടില്‍ നിന്ന് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് 18 ഗ്രാം വ്യാവസായിക അളവില്‍ എംഡിഎംഎ കണ്ടെടുത്തു. രാത്രി 10 മണിയ്ക്ക് പ്രതി വീട്ടില്‍ എത്തിയ വിവരം അറിഞ്ഞു എക്‌സൈസ് സംഘം വീട് വളഞ്ഞു. എന്നാല്‍ പ്രതിയും സഹോദരന്‍ അഗാസും ചേര്‍ന്ന് പ്രതിയായ അഗാറസിനെ രക്ഷപെടുത്താനായി എക്‌സൈസ് സംഘത്തെ അക്രമിച്ചു.
വടിയും കമ്പിയുമായി ഇരുവരും എക്‌സൈസ് സംഘത്തെ അക്രമിക്കുകയായിരുന്നു. എന്നാൽ അതിസാഹസികമായി ഇരുവരെയും എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തി. സംഭവത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആരോമല്‍ രാജന്‍, ശരണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് ചിറയിന്‍കീഴ് പൊലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ചിറയിന്‍കീഴ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആറ്റിങ്ങല്‍, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളും, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈവശം വാണിജ്യ അടിസ്ഥാനത്തിലുള്ള എംഡിഎംഎ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതിലും അഗാറസിന്റെ കൈവശം 100 ഗ്രാമിലധികം എംഡിഎംഎ കണ്ടെത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ കേസില്‍ ശിക്ഷ അനുഭവിച്ചു ഇറങ്ങിയതിന് ശേഷമാണ് അഗാറസിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുളള സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



















